Sunday, November 25, 2012

കലണ്ടര്‍

എന്ത്?
പോയ രാവിലെന്‍ഓര്‍മപ്പുസ്തകത്തില്‍ 
നാള്‍വഴിക്കുറിപ്പെഴുതവേ 
മുറിയിലെ മെഴുകുതിരി നാളമണച്ചത്  
നിന്റെ നെടുവീര്‍പ്പായിരുന്നെന്നോ 

പ്രണയം തുളുമ്പുന്ന പനിനീരിതളില്‍ 
പുലരിമഞ്ഞിന്റെ കണങ്ങളെന്നു 
ഞാന്‍ കവിതയെഴുതിയത് 
നിന്റെ മിഴിനീര് കണ്ടെന്നോ 

എനിക്ക് വേണ്ടിമാത്രം 
നീ നെഞ്ചില്‍ കാത്തു വച്ച 
മുന്നൂറി അറുപത്തിഅഞ്ചു പൂക്കളില്‍ 
അധികമൊന്നും ഇനി ബാക്കിയില്ലെന്നോ 

ഓര്‍മകളെല്ലാം  എന്നിലുപേക്ഷിച്ചു 
വരും ദിനങ്ങളിലൊന്നില്‍ 
എന്നെന്നേക്കുമായെന്നില്‍ നിന്ന്  
വിട ചൊല്ലിപ്പിരിയുമെന്നോ 

ഓര്‍മപ്പെടുത്തിയത്തിനു നന്ദി 
ഫേസ്ബുക്ക്‌   ചുമരില്‍ കുറിച്ചേക്കാം 
എല്ലാ പ്രിയപ്പെട്ടവര്‍ക്കുമായി 
"ഹാപ്പി ന്യൂ ഇയര്‍ "

Tuesday, November 13, 2012

നിരൂപണം

പുഴ പറഞ്ഞു
ഞാനാണ് കവിത 
എന്റെ നിറവാണ് നിദാനം 
മഴ മൊഴിഞ്ഞു 
ഞാനാണ് 
എന്റെ കനിവാണ് പ്രമേയം 
കാറ്റു തിരുത്തി 
ഞാനാണ്
എന്റെ സ്വരമാണതിന്‍ സംഗീതം
പൂവ് ചൊടിച്ചു
ഞാനാണ്‌
എന്റെ നിറമാണലങ്കാരം
കവി ചിരിച്ചു..പിന്നെ
കവിത നാലായി പകുത്തു
ചവറ്റു കൊട്ടയിലെറിഞ്ഞു
ഹല്ല.....പിന്നെ!!!!

Thursday, November 8, 2012

ചിരവ



മൂര്‍ച്ച പോയ നാക്കും,
തേഞ്ഞു പോയ പല്ലുകളും
ഓര്‍മപ്പെടുത്തുന്നുണ്ട് 
നമ്മുടെ ചില മറന്നു പോക്കുകളെ 
തേങ്ങാപ്പൂള്‍ 
കണ്ണന്‍ ചിരട്ട 
മണ്ണപ്പം 
മുത്തശ്ശി 
അങ്ങനെയങ്ങനെ ..

പ്രളയം

പ്രണയം കൊതിച്ച മണ്ണിനു
മഴ പകരം  നല്‍കിയ മുറിവത്രെ..!



പ്രണയത്തിന്റെ നിറം



പ്രണയത്തിനു
ചുവന്ന നിറം കൊടുത്തവനെ
ആരെങ്കിലും അറിയുമോ
ഒന്ന് കാണാനാ...
കണ്ണില്‍ ചോരയില്ലാത്തവരെ
ഞാനിത് വരെ കണ്ടിട്ടില്ല

Wednesday, November 7, 2012

ഇന്‍ഡിപെന്‍ഡന്റ്



"ആഗസ്റ്റ്‌ പതിനഞ്ചിന് 
കലാവേദി യുടെ നേതൃത്വത്തില്‍ 
സ്വാതന്ത്ര്യം ആഘോഷിക്കുന്നു 
പതാക ഉയര്‍ത്തല്‍ 
പായസ വിതരണം 
വൃദ്ധസദന സന്ദര്‍ശനം
ലഘു നാടകവുമുണ്ട് 
പൊതു അവധിയല്ലേ, സാര്‍ 
കുടുംബ സമേതം പങ്കെടുക്കണം"

"ക്ഷമിക്കണം സുഹൃത്തെ 
അന്നേ ദിവസം തീരെ ഫ്രീയല്ല 
മക്കളെ മൃഗശാല കാണിക്കാന്‍ 
കൊണ്ടുപോകാമെന്ന് 
വാക്ക് കൊടുത്ത് പോയി"

Monday, November 5, 2012

ആണി

അടിച്ചമര്‍ത്തലുകള്‍ക്കു 
വേദപുസ്തകത്തോളം പഴക്കം 
ചിലപ്പോള്‍ അതിലുമേറെ

ഉപേക്ഷിക്കപ്പെട്ട കുരിശില്‍ 
തറഞ്ഞു പോയവയെ കുറിച്ച് 
സങ്കീര്‍ത്തനങ്ങളുണ്ടായില്ല 

ചരിത്രം തൂങ്ങി നില്‍ക്കുന്നത്
മര്‍ദ്ധിതന്റെ മുതുകിലാണെന്ന്
ഏതു ചുമരിനാണ് അറിയാത്തത്

സങ്കടം ഇതൊന്നുമല്ല
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി
പടയ്ക്കിറങ്ങിയവരുടെ കയ്യിലെ
ചോരചോപ്പുള്ള കൊടിയില്‍
അടിച്ചവനും അരിഞ്ഞുവീഴ്ത്തിയവനും
തോള്‍ ചേര്‍ന്ന് നിന്ന് ചിരിക്കുന്നു

സാരമില്ല 
വിപ്ലവം ജയിക്കട്ടെ
ഇങ്കുലാബ് സിന്ദാബാദ്

Saturday, November 3, 2012

പ്രത്യാഘാതം




പാലംവന്നപ്പോള്‍ 
കടത്തുകാരന്‍ 
മണല്‍ കടത്തുകാരനായി 
കള്ളക്കടത്തുകാരനായി 
കടത്തിലായി 
കടത്തിണ്ണയിലായി 

പാലം കടന്നപ്പോള്‍
നാട് നഗരമായി
തോട്  കരയായി
കര പുരയായി 
പുഴ വരണ്ടുപോയി 

ഒഴിവു ദിനം


ഓരോ വൈകുന്നേരങ്ങളിലും 
കാലിടറിയ കടല്‍പാലം 
കാഴ്ച്ചകാരനോട് പറയുന്നുണ്ട് 
ഉപ്പു മണക്കുന്ന നൂറു കഥകള്‍ 

തുരുമ്പിച്ചു മുന പോയ ചൂണ്ട്യ്ക്കും 
വള്ളിപൊട്ടിയ ചെരിപ്പിനും 
ജീര്‍ണിച്ച കോഴിത്തൂവലുകള്‍ക്കും
അറിയാവുന്നവ

പാതിയായ പാലവും
പാതിയില്‍ നിലച്ച പ്രണയവും
ഓര്‍മപ്പെടുത്തുന്നത്
കുടിയിറക്കപ്പെട്ടരെ

നാട്ടില്‍ നിന്നായാലും
മനസ്സില്‍ നിന്നായാലും
പോകാന്‍ പറഞ്ഞാല്‍
പിന്നെ തിരിഞ്ഞു നോക്കരുത്

കരക്കടുക്കാനാകാത്ത പത്തേമാരിക്ക്
ചൊവ്വാദോഷം കല്‍പ്പിച്ചു
ഹസ്തരേഖയില്‍ നേര് തിരയുന്ന
കാക്കാലത്തിയുണ്ട് ചവോക്കു തണലില്‍

വെള്ളമില്ല്ലാത്ത നീന്തല്‍കുളം
പോയത്തമെന്നു സമ്മേളനപ്രമേയം
ചരിത്രം തന്നെ അപൂര്‍ണമെന്ന്
ജനം കപ്പലണ്ടി കൊറിച്ചു


കാലിയായ നെല്ലിക്ക ഭരണി
കാറ്റ് പോയ ബലൂണ്‍,
ഗാന്ധിജയന്തി
നിരാശയോടെ പട്ടം നൂല് പൊട്ടിച്ചു.

കന്യാമീനുകള്‍ തേടി പരന്ന പരുന്തുകള്‍
പാലത്തിനടിയിലേക്ക് കുതിച്ചെത്തി
നനഞ്ഞു കുതിര്‍ന്ന കാന്‍വാസില്‍
നീലക്കണ്ണുകളുള്ള സ്വര്‍ണമീന്‍

കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ട്
നീട്ടിയും കുറുക്കിയും ഏറെ വരച്ചിട്ടും
സെല്‍ഫ് പോര്‍ട്രൈറ്റ്‌ മുഴുമിക്കാനാകാത്ത
രേഖാചിത്രകാരനെ തേടുകയാണ്

പകലിന്റെ ചോര കടലിലലിഞ്ഞപ്പോള്‍
വിളക്കുമരത്തിനും ബോധോദയം
ട്രാഫിക് ഐലന്റിലെ പോലീസുകാരനപ്പോള്‍
വീട്ടിലെത്താനുള്ള തിടുക്കത്തിലായിരുന്നു

Friday, November 2, 2012

അനാഥത്വം



കാട്ടിലെ മരം 
വേരോടെ പിഴുത് 
ചില്ലകള്‍ വെട്ടി
ഇലകളടര്‍ത്തി 
ശില്പി സൃഷ്ടി തുടങ്ങി 

വാടിയ ഇലകളെ കാറ്റും 
ചില്ലകള്‍ കാട്ടാറും 
വേരുകള്‍ ചിതലും
ശില്പിയെ മൂന്നാം നാള്‍ 
വനപാലകരും കൊണ്ടുപോയി 

കാട്ടിലിപ്പോള്‍ 
കൂട് നഷ്ടപ്പെട്ട കിളിയും 
ഒരു ശില്പവും 
ആര്‍ക്കും വേണ്ടാതെ..