Sunday, November 25, 2012

കലണ്ടര്‍

എന്ത്?
പോയ രാവിലെന്‍ഓര്‍മപ്പുസ്തകത്തില്‍ 
നാള്‍വഴിക്കുറിപ്പെഴുതവേ 
മുറിയിലെ മെഴുകുതിരി നാളമണച്ചത്  
നിന്റെ നെടുവീര്‍പ്പായിരുന്നെന്നോ 

പ്രണയം തുളുമ്പുന്ന പനിനീരിതളില്‍ 
പുലരിമഞ്ഞിന്റെ കണങ്ങളെന്നു 
ഞാന്‍ കവിതയെഴുതിയത് 
നിന്റെ മിഴിനീര് കണ്ടെന്നോ 

എനിക്ക് വേണ്ടിമാത്രം 
നീ നെഞ്ചില്‍ കാത്തു വച്ച 
മുന്നൂറി അറുപത്തിഅഞ്ചു പൂക്കളില്‍ 
അധികമൊന്നും ഇനി ബാക്കിയില്ലെന്നോ 

ഓര്‍മകളെല്ലാം  എന്നിലുപേക്ഷിച്ചു 
വരും ദിനങ്ങളിലൊന്നില്‍ 
എന്നെന്നേക്കുമായെന്നില്‍ നിന്ന്  
വിട ചൊല്ലിപ്പിരിയുമെന്നോ 

ഓര്‍മപ്പെടുത്തിയത്തിനു നന്ദി 
ഫേസ്ബുക്ക്‌   ചുമരില്‍ കുറിച്ചേക്കാം 
എല്ലാ പ്രിയപ്പെട്ടവര്‍ക്കുമായി 
"ഹാപ്പി ന്യൂ ഇയര്‍ "

No comments:

Post a Comment